രോഗം മൂലം റമദാനിൽ നോമ്പനുഷ്ഠിക്കാൻ കഴിയാതെ വരികയും റമദാൻ മാസം കഴിഞ്ഞു മരണപ്പെടുകയും ചെയ്ത വ്യക്തിക്കു വേണ്ടി മറ്റുള്ളവർ നോമ്പ് നോറ്റു വീട്ടുകയോ അല്ലെങ്കിൽ അഗതികൾക്ക് ആഹാരം നൽകുകയോ എന്താണ് വേണ്ടത് ?
റമദാൻ കഴിഞ്ഞു രോഗാവസ്ഥയിൽ തന്നെ മരണപ്പെട്ടയാൾക്കുവേണ്ടി മറ്റാരും നോമ്പ് നോറ്റുവീട്ടുകയോ അല്ലെങ്കിൽ അഗതികൾക്ക് ആഹാരം നൽകുകയോ ചെയ്യേണ്ടതില്ല. ന്യായമായ കാരണത്താലാണല്ലോ അയാൾ നോമ്പുപേക്ഷിച്ചത്. യാത്രയിലോ യാത്ര അവസാനിച്ചയുടനെയോ മരണപ്പെട്ട യാത്രക്കാരന്റെ വിധിയും ഇതുതന്നെ. രോഗശമനം ലഭിച്ചിട്ടും നോറ്റു വീട്ടുന്നതിൽ ഉദാസീനത കാട്ടിയവനും യാത്ര കഴിഞ്ഞിട്ടും അശ്രദ്ധമായി നീട്ടിക്കൊണ്ടു പോയവനും മരണപ്പെട്ടാൽ അവർക്ക് വേണ്ടി അവരുടെ അടുത്ത ബന്ധുക്കൾ നോമ്പെടുക്കണം.
നബി ﷺ പറയുന്നു:
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ " صحيح البخاري - ١٩٥٢
"നോമ്പ് നോറ്റുവീട്ടാനുള്ളവൻ മരണപ്പെട്ടാൽ അവന്റെ ഏറ്റവും അടുത്ത ബന്ധു അവനുവേണ്ടി നോമ്പനുഷ്ഠിക്കണം."
ഇനി അടുത്ത ബന്ധുവിന് നോമ്പനുഷ്ഠിക്കാൻ കഴിയില്ലെങ്കിൽ മരണപ്പെട്ടവരുടെ അനന്തരസ്വത്ത് ഉപയോഗിച്ച് ഓരോ നോമ്പിനും ഏകദേശം ഒന്നര കിലോഗ്രാം ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകേണ്ടതാണ്. രോഗശമനത്തിനു സാധ്യതയില്ലാത്ത രോഗികളും പ്രായം ചെന്നവരും പ്രായശ്ചിത്തം നൽകണമെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ടല്ലോ. എന്നാൽ മരണപ്പെട്ടയാൾക്ക് സ്വന്തമായ സ്വത്തില്ലെങ്കിൽ പ്രായശ്ചിത്തം ആവശ്യമില്ല.
لا يُكَلِّفُ اللَّهُ نَفسًا إِلّا وُسعَها - سورة البقرة ٢٨٦
"അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല."
فَاتَّقُوا اللَّهَ مَا استَطَعتُم - سورة التغابن ١٦
"അതിനാൽ നിങ്ങൾക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക."
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment