സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?


ഇഅ്തികാഫ് സ്ത്രീ പുരുഷന്മാർക്ക് ഒരുപോലെ സുന്നത്താണ്. നബി റമദാനിൽ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളിൽ റമദാനിലെ ഒടുവിലത്തെ പത്തിൽ ഇത് പതിവാക്കിയതായും ഹദീഥുകളിൽ സ്ഥിരപ്പെട്ടതാണ്. നബി ﷺ യുടെ കൂടെ തന്റെ ഭാര്യമാരിൽ ചിലർ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവർ ഇത് തുടർന്നതായും കാണാം.
നമസ്കാരം ജമാഅത്തായി നിർവഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് തിരഞ്ഞെടുക്കേണ്ടത്. ഇഅ്തികാഫിനിതയിൽ വെള്ളിയാഴ്ച വരുമെങ്കിൽ ജുമുഅ നടക്കുന്ന പള്ളികളാണുത്തമം. ഇഅ്തികാഫിന് നിശ്ചിത സമയമില്ലെന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പ് അഭികാമ്യമാണെങ്കിലും അനിവാര്യമല്ല. ഇഅ്തികാഫിന് ഉദ്ദേശിക്കുമ്പോൾ ഭജന സ്ഥലത്ത് പ്രവേശിക്കുകയും ഉദ്ദിഷ്ട സമയം കഴിഞ്ഞാൽ പുറത്ത് വരികയുമാണ് നബിചര്യ. സുന്നത്തായതിനാൽ (നേർച്ചയാക്കിയതല്ലെങ്കിൽ) ഇടക്ക് വെച്ച് നിർത്താവുന്നതുമാണ്. റമദാനിലെ ഒടുവിലത്തെ പത്തിൽ നബിചര്യ പിന്തുടർന്നുകൊണ്ട് ഭജനമിരിക്കുന്നവൻ ഇരുപത്തിഒന്നിന് ഫജ്ർ നമസ്കാരശേഷം ഭജനസ്ഥലത്ത് പ്രവേശിക്കുകയും മാസം അവസാനിക്കുമ്പോൾ പുറത്ത് വരികയുമാണ് വേണ്ടത്. സൗകര്യമുണ്ടെങ്കിൽ വിശ്രമത്തിന്നായി പ്രത്യേകം സ്ഥലം ഒരുക്കുന്നതാണുത്തമം. ദിക്ർ, ഖുർആൻ പാരായണം, പാപമോചനത്തിനായുള്ള പ്രാർത്ഥന, മറ്റ് പ്രാർത്ഥനകൾ, സുന്നത്ത് നമസ്കാരങ്ങൾ എന്നിവയ്ക്കായിരിക്കണം സമയം വിനിയോഗിക്കേണ്ടത്. ഇഅ്തികാഫിരിക്കുന്നവനെ അയാളുടെ സ്നേഹിതന്മാർ സന്ദർശിക്കുന്നതിനോ, അവരുമായി സംസാരിക്കുന്നതിനോ വിരോധമില്ല.
നബി യുടെ ചില ഭാര്യമാർ ഭജനസമയത്ത് അദ്ദേഹത്തെ വന്ന് കാണുകയും സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഒരിക്കൽ തന്റെടുത്ത് വന്ന് സഫിയ رضي الله عنها  തിരിച്ചുപോകുമ്പോൾ യാത്ര അയക്കാൻ നബി പള്ളിയുടെ പ്രവേശനകവാടം വരെ അനുഗമിക്കുകയുണ്ടായി. (ഈ സംഭവം നബി യുടെ അങ്ങേയറ്റത്തെ വിനയത്തെയും ഭാര്യമാരുമായുള്ള ഉൽകൃഷ്ട ബന്ധത്തെയും വ്യക്തമാക്കുക കൂടി ചെയ്യുന്നു.)

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله


Comments