നോമ്പുകാരൻ റമദാൻ പകൽ സമയത്ത് ഭാര്യയുമായി സംസർഗത്തിലേർപ്പെട്ടാൽ എന്താണ് വിധി ? നോമ്പില്ലാത്ത യാത്രക്കാരന് ഇത് അനുവദനീയമാണോ ?
റമദാനിൽ നോമ്പെടുത്തവൻ പകൽസമയത്ത് സംസർഗത്തിലേർപ്പെട്ടാൽ പ്രായശ്ചിത്തം ചെയ്യണം. നഷ്ടപ്പെടുത്തിയ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം ഒരടിമയെ മോചിപ്പിക്കുകയോ, രണ്ട് മാസക്കാലം തുടർച്ചയായി നോമ്പെടുക്കുകയോ, അറുപതഗതികൾക്ക് ആഹാരം നൽകുകയോ വേണം. നോമ്പുപേക്ഷിക്കാൻ അനുവാദമുള്ള യാത്രക്കാരനും രോഗിയും പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടിയാൽ മതി. യാത്രക്കാരനും രോഗിക്കും നോമ്പുപേക്ഷിക്കാൻ അനുവാദമുണ്ടെന്നതിനാൽ അവന് സംസർഗ്ഗം മുഖേനയോ മറ്റോ നോമ്പ് മുറിക്കുന്നത് അനുവദനീയമാണ്.
അല്ലാഹു പറയുന്നു:
فَمَن كانَ مِنكُم مَريضًا أَو عَلىٰ سَفَرٍ فَعِدَّةٌ مِن أَيّامٍ أُخَرَ - سورة البقرة ١٨٤
"നിങ്ങളിലാരെങ്കിലും രോഗിയാകുകയോ യാത്രയിലാകുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)."
പുരുഷനെപ്പോലെ സ്ത്രീക്കും ഈ നിയമം ബാധകമാണ്. നഷ്ടപ്പെടുന്നത് നിർബന്ധ നോമ്പാണെങ്കിൽ അവളും പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അവൾ യാത്രക്കാരിയോ രോഗിണിയോ ആണെങ്കിൽ പ്രായശ്ചിത്തം വേണ്ടതില്ല.
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment